ധാക്ക: ബംഗ്ലാദേശ് പാർലമെന്റിലേക്ക് രണ്ടു ഹിന്ദുക്കളടക്കം നാലു ന്യൂനപക്ഷ വിഭാഗക്കാർ തെരഞ്ഞെടുക്കപ്പെട്ടു. എല്ലാവരും ബിഎൻപി അംഗങ്ങളാണ്. ഗോയേശ്വർ ചന്ദ്ര റോയി, നിതായ് റോയി ചൗധരി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട ഹൈന്ദവർ.
യഥാക്രം ധാക്ക, വെസ്റ്റേൺ മഗുറ മണ്ഡലങ്ങളിൽനിന്നാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടത്. ജമാ അത്തെ ഇസ്ലാമി സ്ഥാനാർഥികളെയാണ് ഇരുവരും പരാജയപ്പെടുത്തിയത്. ബിഎൻപിയുടെ ഉന്നത നേതാവാണ് ഗോയേശ്വർ ചന്ദ്ര റോയി. പാർട്ടിയുടെ മുതിർന്ന ഉപദേഷ്ടാവും തന്ത്രജ്ഞനുമാണ്.
ബുദ്ധമതക്കാരനായ സചിംഗ് പ്രു ആണ് തെരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ ന്യൂനപക്ഷ വിഭാഗക്കാരൻ. മർമ ഗോത്രവിഭാഗക്കാരനായ ഇദ്ദേഹം ബന്ദർബൻ ജില്ലയിൽനിന്നാണു തെരഞ്ഞെടുക്കപ്പെട്ടത്. ദിപെൻ ദിവാൻ ആണ് തെരഞ്ഞെടുക്കപ്പെട്ട നാലാമൻ. ബുദ്ധമതക്കാർക്കു ഭൂരിപക്ഷമുള്ള ചക്മ ഗോത്രവിഭാഗക്കാരനാണ് ദിവാൻ. ഇദ്ദേഹം ഹിന്ദുവാണെന്നും പറയപ്പെടുന്നു. 2024ലും 2018ലും 17 ഹിന്ദു എംപിമാർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ബംഗ്ലാദേശ് ജനസംഖ്യയിൽ എട്ടു ശതമാനമാണ് ഹിന്ദുക്കൾ. പത്തു വനിതകൾ ഉൾപ്പെടെ 79 ന്യൂനപക്ഷ വിഭാഗക്കാരാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇവരിലേറെയും ഹിന്ദുക്കളാണ്. ബിഎൻപി ആറ് ന്യൂനപക്ഷ വിഭാഗക്കാരെ മത്സരിപ്പിച്ചിരുന്നു.